Hot Widget

Type Here to Get Search Results !

Ads

യുറോപ്യന്മാരും കേരളവും


ഗാമയുടെ വരവ്

തുർക്കികൾ 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ മധ്യപൗരസ്ത്യ ദേശത്തിലൂടെ യൂറോപ്പിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രവാഹം തടസ്സപ്പെട്ടു. അതുകാരണം പാശ്ചാത്യദേശത്തുനിന്ന് നാവിക മാർഗം ഇന്ത്യയടക്കമുള്ള പൗരസ്ത്യ ദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഇത്തരം ശ്രമങ്ങൾക്ക് രാജാക്കൻമാരുടെ പിന്തുണയുമുണ്ടായിരുന്നത് ധാരാളം പേരെ അതിലേക്ക് ആകർഷിച്ചു. അപ്രകാരം പോർച്ചുഗൽ രാജാവ് ഇമ്മാനുവേൽ ഒന്നാമന്റെ പിന്തുണയോടെ ഇന്ത്യയിലേക്ക് പുറപ്പെട്ട നാവിക സംഘത്തലവനായിരുന്നു വാസ്കോ ഡ ഗാമ

പോർച്ചുഗലിലെ സൈൻസ് എന്ന സ്ഥലത്ത് 1469-ൽ ആണ് വാസ്കോ ഡ ഗാമ ജനിച്ചത് (Vidigueira ആയിരുന്നു ജനനസ്ഥലം എന്ന നിഗമനവും ഉണ്ട്).

1497 ജൂലായ് എട്ടിനാണ് ഗാമ നയിച്ച സാവോ ഗബ്രിയേൽ, ഗാമയുടെ സഹോദരൻ പൗലോ ഡ ഗാമ നയിച്ച സാവോ റാഫേൽ, നിക്കോളാസ് കോയിൽ ഹോ നയിച്ച ബെറിയോ, ഗോൺസാലോ നൂനെസ് നയിച്ച പേരറിയാത്ത ഒരു സംഭരണിക്കപ്പൽ എന്നിവ ഉൾപ്പെടെ നാല് കപ്പ ലുകളിലായി ഗാമയും സംഘവും പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്തിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്.നാലാമത്തെ കപ്പൽ വഴിയിൽ കാണാതായതിനാൽ മൂന്ന് കപ്പലാണ് സംഘത്തിൽ ഒടുവിലുണ്ടായിരുന്നത്.ഗാമയും കൂട്ടരും 1498 മേയ് 20-ന് ലക്ഷ്യം കണ്ടു.

കോഴിക്കോട് എന്ന് കരുതി ഗാമയും സംഘവും ഇറങ്ങിയത് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് കടപ്പുറത്താണ്.

സാമൂതിരി അന്ന് പൊന്നാനിയിലായിരുന്നു. ദൂതൻ മുഖേന വിവരമറിഞ്ഞ അദ്ദേഹം ഗാമയ്ക്കും കൂട്ടർക്കും വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കാൻ നിർദേശം നൽകിയശേഷം പൊന്നാനിയിൽ നിന്ന് പുറപ്പെട്ടു വന്നു.

രാജാവിന്റെ നിർദേശപ്രകാരം വാസ്കോ ഡ ഗാമയും സംഘവും പന്തലായിനി കൊല്ലത്തിനു സമീപം നങ്കൂരമിട്ടു. ഇതും കോഴിക്കോട് ജില്ലയിലാണ്.

ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യത്തെ കത്തോലിക്ക മതസ്ഥരാണ് പോർച്ചുഗീസുകാർ (അറബികളാണ് ഇന്ത്യ യിൽ കടൽമാർഗം വ്യാപാരത്തിനുവന്ന ആദ്യത്തെ വിദേശികൾ).

കോഴിക്കോട്ടേക്കുള്ള സഞ്ചാരത്തിന് വാസ്കോ ഡ ഗാമയെ സഹായിച്ച ഗുജറാത്തി വ്യാപാരിയാണ് അബ്ദുൾ മണിക്.

ഗാമയുടെ സന്ദർശനസമയത്ത് കോഴി ക്കോട് ഭരിച്ചിരുന്ന രാജവംശം നെടിയിരുപ്പ് സ്വരൂപമാണ്.

മേയ് 28-ന് അകമ്പടിക്കാർക്കൊപ്പം സാമൂതിരിയെ കാണാൻ പുറപ്പെട്ട ഗാമയും സംഘവും വഴിയിൽ കണ്ട, പുത്തൂർ ക്ഷേത്രത്തിൽ ക്രിസ്ത്യൻ പള്ളിയാണെന്ന് കരുതി പ്രാർഥനയും നടത്തി.

സാമൂതിരിയുമായുള്ള കൂടിക്കാഴ്ച വിജയകരമായില്ല. കണ്ണൂരിലേക്ക് പോയ ഗാമ, കോലത്തിരി രാജാവുമായി സൗഹൃദത്തിലാവുകയും വ്യാപാരബന്ധം സ്ഥാപിച്ച് ചരക്കുകൾ ശേഖരിക്കുകയും ചെയ്തു.

1498 ഒക്ടോബർ അഞ്ചിന് ഗാമ സ്വന്തം രാജ്യത്തേക്ക് മടങ്ങി.

ഒരു വീരനായകന്റെ പരിവേഷമാണ് സ്വരാജ്യത്ത് തിരിച്ചെത്തിയപ്പോൾ ഗാമയ്ക്ക് ലഭിച്ചത്.

രാജാവ് ഗാമയ്ക്ക് Count of Vidigueira പദവിയും മറ്റ് പാരിതോഷികങ്ങളും നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭുകുടുംബം എന്ന പ്രത്യേകത ഗാമയുടെ കുടുംബത്തിന് സ്വന്തമായി.

ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ വാസ്കോ ഡ ഗാമയ്ക്ക് 60 മടങ്ങ് ലാഭമാണ് ലഭിച്ചത്. ആദ്യ സന്ദർശനത്തിൽ വാസ്കോ ഡ ഗാമ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത പ്രധാന വസ്തു കുരുമുളകാണ്.

കേരളത്തിലേക്കുള്ള രണ്ടാമത്തെ യാത്രയിൽ (1502) വാസ്കോ ഡ ഗാമയുടെ കപ്പൽ അടുപ്പിച്ചത് അഞ്ചുദ്വീപിലാണ്.

കണ്ണൂരിലെത്തിയ ഗാമയെ കോലത്തിരി സ്വീകരിച്ചു. പിന്നീട് ഗാമ കോഴിക്കോട്ടെത്തുകയും അവിടെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. പിന്നീട് ഗാമ കൊച്ചിയിലേക്ക് പോയി.

പോർച്ചുഗലിലേക്ക് തിരിച്ചുപോകുന്ന വഴി ഗാമ, മക്കയിലേക്കുള്ള തീർഥാടകരുമായി പോകുകയായിരുന്ന ഒരു കപ്പൽ മുക്കി അതിലെ യാത്രക്കാരെ കൊന്നു.

വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷമാണ് 1524. ഇപ്രാവശ്യം ഇന്ത്യയിലേക്കുള്ള പോർച്ചുഗീസ് പ്രതിപുരുഷൻ (വൈസ്രോയി) എന്ന നിലയിലായിരുന്നു വരവ്. അതേ വർഷം തന്നെ ക്രിസ്തുമസ് തലേന്ന് കൊച്ചിയിൽവെച്ച് അദ്ദേഹം അന്തരിച്ചു.

കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തെങ്കിലും പിന്നീട് 1539 - 40- ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം പോർച്ചുഗലിലേക്ക് കൊണ്ടുപോയി. ലിസ്ബണിലെ ജെറോണിമസ് കത്തീഡ്രലിലാണ് ഗാമയുടെ അന്ത്യവിശ്രമം.

വാസ്കോഡഗാമയുടെ സാഹസിക കഥകൾ വിവരിക്കുന്ന പോർച്ചുഗീസ് ഇതിഹാസ കാവ്യമായ ലൂസിയാഡ്സ് എഴുതിയത് കാമിയോസ് ആണ്.

കബ്രാൾ

ഗാമയുടെ പാത പിന്തുടർന്ന് കബ്രാളിന്റെ സംഘം 1500-ൽ ഇന്ത്യയിലെത്തി. സാമൂതിരി അവരെ സ്വാഗതം ചെയ്തു. സാമൂതിരിയുമായി അവർ സന്ധിചെയ്തു. അതനുസരിച്ച് കോഴിക്കോട്ട് പണ്ടകശാല കെട്ടാൻ അനുമതി ലഭിച്ചു.

എന്നാൽ, അറബി പറങ്കി സംഘട്ടനത്തെത്തുടർന്ന് കബ്രാൾ കോഴിക്കോടു വിട്ട് കൊച്ചിയിലേക്ക് പോയി. കബ്രാൾ കൊച്ചിയിലെത്തിയ സമയത്ത് കൊച്ചിരാജാവ് ഉണ്ണിരാമകോയിൽ ഒന്നാമൻ ആയിരുന്നു.

കൊച്ചി രാജാവ് പറങ്കികൾക്കുവേണ്ട സൗകര്യങ്ങൾ വാഗ്ദാനം ചെയ്തു. അവർ അവിടെ ഒരു പണ്ടകശാല പണിതു. തുടർന്ന് ആറ്റിങ്ങൽ റാണിയും കോലത്തിരിയും അവരവരുടെ നാടുകളിലേക്ക് ക്ഷണിച്ചു. ആ ക്ഷണം സ്വീകരിക്കുന്നതിനു മുൻപ് സാമൂതിരിയുടെ ആക്രമണമുണ്ടാകാനിടയുണ്ടെന്നറിഞ്ഞ കബ്രാൾ കണ്ണൂരേക്കു പോയി. കോലത്തിരിയുമായി കച്ചവടക്കരാർ ഒപ്പിട്ടശേഷം കബ്രാൾ സ്വദേശത്തേക്ക് മടങ്ങി.

പോർച്ചുഗീസുകാർക്ക് കച്ചവടത്തിന് അനുമതി നൽകിയ കേരളക്കരയിലെ ആദ്യത്തെ രാജാവാണ് കൊച്ചി രാജാവ്. പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി എന്നായിരുന്നു കൊച്ചി രാജാവിന്റെ പൂർണമായ സ്ഥാനപ്പേര്.

ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ പോർച്ചുഗീസ് കപ്പൽ സംഘത്തെ നയിച്ചത് ജാവോ ഡോനോവാ ആണ്.

അൽമേഡ

അൽമേഡ 1505 ൽ ഇന്ത്യയിലെത്തി ഇന്ത്യ യിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി എന്ന നിലയിലാണ് അൽമേഡയെ ഇന്ത്യയിലേക്കയച്ചത്. തുടർന്ന് ഇന്ത്യയിൽ ചില പ്രദേശങ്ങൾ സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞു. കോലത്തിരി രാജാവിന്റെ അനുമതിയോടെ അൽമേഡ നിർമിച്ചതാണ് കണ്ണൂർ നഗരത്തിലെ സെന്റ് ആഞ്ചലോ കോട്ട (1505).

ബ്ലൂ വാട്ടർ പോളിസിയുമായി ബന്ധപ്പെട്ട ഭരണാധികാരിയാണ് അൽമേഡ

അൽബുക്കർക്ക്

അൽബുക്കർക്ക് 1503-ൽ ഇന്ത്യയിലെത്തി.

അൽഫോൻസോ അൽബുക്കർക്ക് പോർ ച്ചുഗീസ് ഗവർണറായത് 1509-ലാണ്.

ഇന്ത്യയിലെ ഏറ്റവും ശക്തനായ പോർച്ചുഗീസ് ഗവർണർ എന്നറിയപ്പെടുന്നത് അൽബുക്കർക്ക് ആണ്. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യം സ്ഥാപിച്ചത് അദ്ദേഹമാണ്.

1510-ൽ ബീജാപ്പൂർ സുൽത്താനിൽനിന്ന് തിമ്മയ്യ എന്ന പ്രാദേശിക ഭരണാധികാരിയുടെ സഹായത്തോടെ ഗോവ പിടിച്ചടക്കിയത് അൽബുക്കർക്കാണ്.

ഇന്ത്യയിൽ മിക്സഡ് കോളനി (സങ്കരവാസ സങ്കേതങ്ങൾ) സംവിധാനം ആവിഷ്ക്കരിച്ചത് പോർച്ചുഗീസ് ഗവർണറാണ് അൽബു ക്കർക്ക്. 1515-ൽ ഗോവയിൽ വെച്ചാണ് അദ്ദേഹം നിര്യാതനായത്.

കൊച്ചി കോട്ട

പോർച്ചുഗീസുകാർ സാമൂതിരിയെ തോല്പിച്ച് കൊച്ചി രാജാവിന് നഷ്ടമായ പ്രദേശങ്ങൾ വീണ്ടെടുത്തു നൽകി. കൊച്ചിരാജാവ് പോർച്ചുഗീസുകാർക്ക് കൊച്ചിയിൽ ഒരു കോട്ട കെട്ടാൻ അനുമതി നൽകി.

കൊച്ചിക്കോട്ടയ്ക്ക് പോർച്ചുഗീസുകാർ മാനുവൽ കോട്ട എന്ന് പേരുനൽകി (മാനുവൽ ഒന്നാമനായിരുന്നു അക്കാലത്ത് പോർച്ചുഗൽ രാജാവ്).

കൊച്ചിക്കോട്ട കാലാന്തരത്തിൽ തകർന്നു പോയി. ഇപ്പോൾ ഇന്ത്യയിൽ അവശേഷിക്കുന്ന യൂറോപ്യൻ നിർമിതികളിൽ ഏറ്റവും പഴക്കംചെന്നത് പള്ളിപ്പുറത്ത് അതേ കാല ഘട്ടത്തിൽ നിർമിച്ച കാവൽ നിലയമാണ്. ഇത് പള്ളിപ്പുറം കോട്ട എന്നും അറിയപ്പെടുന്നു. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിന്റെ ഉത്തര ഭാഗത്താണ് കോട്ടയുടെ സ്ഥാനം.

1513-ൽ പോർച്ചുഗീസുകാർ സാമൂതിരിയുമായി ഒരു സന്ധിയിലേർപ്പെട്ടത് അവരുടെ വാണിജ്യ താത്പര്യങ്ങൾക്ക് ഏറെ അനുകൂലമായിരുന്നു.

പോർച്ചുഗീസ് ഇന്ത്യയുടെ ആസ്ഥാനം 1530-ൽ കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ പോർച്ചുഗീസ് ഗവർണർ ആണ് നിനോ ഡ കുൻഹ.

ആദ്യ ഫാക്ടറി

പോർച്ചുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലമാണ് കൊച്ചി.

അറ്റ്ലാന്റിക് തുറമുഖങ്ങളുമായി നാവിക ബന്ധം സ്ഥാപിതമായ ആദ്യ കേരളീയ തുറമുഖമായും കൊച്ചി വിശേഷിപ്പിക്കപ്പെടുന്നു.

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത് പോർച്ചുഗീസുകാരാണ്.

പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ ആസ്ഥാനം കൊച്ചിയായിരുന്നു. പിന്നീട് ഗോവയിലേക്ക് മാറ്റി.

കേരളത്തിൽ പോർച്ചുഗീസുകാർ ആദ്യത്തെ സെമിനാരി സ്ഥാപിച്ചത് വരാപ്പുഴയിലാണ്.

പോർച്ചുഗീസുകാരുടെ ആധിപത്യ കാലത്താണ് ജസ്യൂട്ട് മിഷണറിമാർ കേരളത്തിലെത്തിയത്.

കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത് പോർച്ചുഗീസുകാരാണ്.

ചാലിയത്ത് കോട്ട കെട്ടാൻ പോർച്ചുഗീസുകാരെ അനുവദിച്ച പ്രാദേശികഭരണാധികാരിയാണ് വെട്ടത്ത് (താനൂർ) രാജാവ്.

ചാലിയം കോട്ട സാമൂതിരിക്കു വേണ്ടി പിടി ച്ചെടുത്ത് നശിപ്പിച്ചത് കുഞ്ഞാലി മൂന്നാമൻ (പട്ടുമരയ്ക്കാർ) ആണ്. പോർച്ചുഗീസുകാരുടെ പതനത്തിന്റെ തുടക്കമായി ഈ സംഭവം കരുതപ്പെടുന്നു. ചാലിയം കോട്ട പോർച്ചുഗീസുകാരിൽനിന്ന് പിടിച്ചെടുത്ത് തകർക്കുന്നതിന് സാമൂതിരിയെ സഹായിച്ച രാജാവാണ് പരപ്പനാട്ട് രാജാവ്. സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ടയാണ് ചാലിയം കോട്ട.

കൊച്ചിയിലെ ഡച്ചുകൊട്ടാരം നിർമിച്ചത് പോർച്ചുഗീസുകാരാണ്. പിൽക്കാലത്ത് ഡച്ചുകാർ പുതുക്കിപ്പണിതതിനെത്തുടർന്നാണ് ആ പേര് ലഭിച്ചത്.

പോർച്ചുഗീസ് സംഭാവന

ഇന്ത്യയിലേക്ക് ചുവന്ന മുളക്, കൈതച്ചക്ക, പപ്പായ, കശുമാവ്, ഉരുളക്കിഴങ്ങ്, പേരയ്ക്ക എന്നിവ കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്. ഗോഥിക് വാസ്തുവിദ്യാശൈലി ഇന്ത്യയിൽ പരിചയപ്പെടുത്തിയ യൂറോപ്യരും പോർച്ചുഗീസുകാരാണ്.

കാർട്ടേർസ് സമ്പ്രദായവുമായി ബന്ധപ്പെട്ട യൂറോപ്യൻ ശക്തിയാണ് പോർച്ചുഗീസുകാർ.

ഇന്ത്യയിൽ അച്ചടിയന്ത്രം പ്രചരിപ്പിച്ച യൂറോപ്യരാണ് പോർച്ചുഗീസുകാർ.

പോർച്ചുഗീസുകാർ ലിറ്റിൽ ലിസ്ബൺ എന്നും ഡച്ചുകാർ ഹോംലി ഹോളണ്ട് എന്നും ബ്രിട്ടീഷുകാർ മിനി ഇംഗ്ലണ്ട് എന്നും വിളിച്ചിരുന്ന കേരളത്തിലെ നഗരമാണ് കൊച്ചി.

പോർച്ചുഗീസ് രാജാവിന്റെ സൈനിക സഹോദരൻ എന്ന ബഹുമതി നൽകപ്പെട്ട കേരളക്കരയിലെ രാജാവാണ് പുറക്കാട്ട് രാജാവ്.

മരയ്ക്കാർമാർ

പാരമ്പര്യമായി സാമൂതിരിയുടെ നാവിക സേനാ തലവൻമാരായിരുന്നു കുഞ്ഞാലി മരയ്ക്കാർ.

പ്രബലരായ കുഞ്ഞാലി മരയ്ക്കാർമാർ നാലു പേരുണ്ട്. മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ (കുട്ടി അലി അഥവാ കുഞ്ഞാലി ഒന്നാമൻ ) ആണ് ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ. അടിച്ചിട്ട് കടന്നു കളയുക എന്ന തന്ത്രം ആദ്യമായി നടപ്പിലാക്കിയ കുഞ്ഞാലി മരയ്ക്കാരാണ് കുട്ടി അലി.

കുഞ്ഞാലി മരയ്ക്കാർ ഒന്നാമനെ തടവുകാരനായി പിടിച്ച പോർച്ചുഗീസ് ഗവർണറാണ് ലോപ്പോ സമ്പായോ.

പോർച്ചുഗീസുകാർക്ക് ഏറെ നാശ നഷ്ടങ്ങൾ വരുത്തിയ കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ മറ്റൊരു പേരാണ് പോക്കർ അലി.

പട്ടുമരയ്ക്കാർ അഥവാ കുഞ്ഞാലി മൂന്നാമൻ സൈന്യത്തിന്റെ നവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. പാശ്ചാത്യ യുദ്ധമുറകളും പടക്കോപ്പുകളും സ്വായത്തമാക്കിയ അദ്ദേഹത്തിന് ചാലിയം കോട്ട കീഴടക്കിയതിന് സാമൂതിരിയിൽനിന്ന് പ്രത്യേക അവകാശങ്ങൾ ലഭിച്ചു. സാമൂതിരിയുടെ അനുമതിയോടെ കുഞ്ഞാലി മൂന്നാമൻ അകലാപ്പുഴയുടെ തീരത്ത് മരയ്ക്കാർ കോട്ട അഥവാ പുതുപ്പട്ടണം കോട്ട പണികഴിപ്പിച്ചു.

നാല് കുഞ്ഞാലി മരയ്ക്കാർമാരിൽ സ്വാഭാവിക മരണം കൈവരിച്ച ഏക വ്യക്തി കുഞ്ഞാലി മൂന്നാമനാണ്. അറബിക്കടലിന്റെ സിംഹം എന്നറിയപ്പെട്ടത് കുഞ്ഞാലി മൂന്നാമനാണ്.

ഇന്ത്യൻ സമുദ്രങ്ങളുടെ അധി നായകൻ എന്ന ബിരുദം സ്വയം സ്വീകരിച്ചത് കുഞ്ഞാലി നാലാമനാണ്.

ഉപജാപത്തിലൂടെ പോർച്ചുഗീസുകാർ സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മിൽ തെറ്റിച്ചു. മലബാർ നാവിക ശക്തിയുടെ കേന്ദ്ര ബിന്ദുവായ കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയ്ക്കൽ (പുതുപ്പട്ടണം) കോട്ട സാമൂതിരിയുടെ സഹായത്തോടു കൂടി പോർച്ചുഗീസുകാർ 1600-ൽ ആക്രമിച്ചു കീഴടക്കുകയും ചെയ്തു. കീഴടങ്ങിയ കുഞ്ഞാലി നാലാമനെയും സംഘത്തെയും സാമൂതിരി പോർച്ചുഗീസുകാർക്കു വിട്ടു കൊടുത്തു. പോർച്ചുഗീസുകാർ അവരെ ഗോവയിലേക്ക് കൊണ്ടുപോയി. കുഞ്ഞാലി നാലാമനെ വധിച്ച് ശരീരം കൊത്തി നുറുക്കി കടൽക്കരയിലെറിഞ്ഞു. തല ഉപ്പിലിട്ട് കണ്ണൂരിൽ കൊണ്ടുവന്ന് മറ്റുള്ളവർക്ക് താക്കീതെന്നോണം ഒരു കോലിൽ നാട്ടി നിർത്തി പ്രദർശിപ്പിച്ചു.

ഉദയംപേരൂർ സുന്നഹദോസ്

പോർച്ചുഗീസുകാരുടെ കാലത്ത് നടന്ന കേരളത്തിലെ ക്രൈസ്തവചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഉദയംപേരൂർ സുന്നഹദോസ്.

1599 ജൂൺ 20 മുതൽ 26 വരെ നടന്ന സുന്നഹദോസിന്റെ ലക്ഷ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും പോർച്ചുഗീസുകാരും തമ്മിൽ മതപരമായ കാര്യങ്ങളിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിച്ച് കേരളത്തിലെ ക്രൈസ്തവരെ റോമൻസഭയുടെ കീഴിൽ കൊണ്ടുവരുക എന്നതായിരുന്നു.

ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം 813 ആണ്. അതിൽ അധ്യക്ഷതവഹിച്ച ആർച്ച് ബിഷപ്പ് അലക്സിയോ ഡി മെനസിസ് ആയിരുന്നു.

ഉദയംപേരൂർ സുന്നഹദോസ് പ്രകാരം പോർച്ചുഗീസ് രാജാവ് ഇന്ത്യൻ ക്രിസ്ത്യാനികളുടെ സംരക്ഷകനായിത്തീർന്നു.

ഉദയംപേരൂർ സുന്നഹദോസിലെ തീരുമാ നങ്ങളുടെ അടിസ്ഥാനത്തിൽ ലത്തിൻ മാർഗം സ്വീകരിച്ചവർ കൊച്ചി രൂപതയിലും സുറിയാനി മാർഗത്തിൽത്തന്നെ ഉറച്ചു നിന്നവർ അങ്കമാലിയിലെ പഴയ സുറിയാനി രൂപതയിലും ഉൾപ്പെട്ടു.

കൂനൻകുരിശ് പ്രതിജ്ഞ

പോർച്ചുഗീസുകാരുടെ കാലത്ത് നടന്ന മറ്റൊരു സുപ്രധാന സംഭവമാണ് കൂനൻ കുരിശ് പ്രതിജ്ഞ (1653) കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ റോമാ സുറിയാനികൾ എന്നും യാക്കോബായ സുറിയാനികൾ എന്നും രണ്ട് ചേരികളുണ്ടാകാൻ കാരണമായ സംഭവമാണിത്.

അന്തോഖ്യയിലെ പാത്രിയാർക്ക് കേരള ത്തിലേക്ക് അയച്ച സുറിയാനി ബിഷപ്പായ അഹറ്റല്ലയെ മൈലാപുരിൽ പോർച്ചുഗീസുകാർ തടഞ്ഞുവെച്ചു എന്ന വാർത്ത പരന്നതാണ് കൂനൻ കുരിശ് പ്രതിജ്ഞയ്ക്ക് കാരണമായത്.

ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശ്ശിൽ ഒരു നീണ്ട വടംകെട്ടി അതിൽ പിടിച്ചുകൊണ്ട് മേലിൽ ലത്തീൻ ആർച്ചു ബിഷപ്പുമാരെയും ജസ്യൂട്ട് പുരോഹിതന്മാരെയും ഒരിക്കലും അനുസരിക്കുകയില്ലാ എന്ന് സത്യം ചെയ്തു. നിരവധിയാളുകൾ വടത്തിൽ പിടിച്ചതു കാരണം കുരിശിന് വളവുണ്ടായി. ഈ സംഭവമാണ് കൂനൻ കുരിശ് പ്രതിജ്ഞ എന്നറിയപ്പെടുന്നത്.

കൂനൻ കുരിശ് പ്രതിജ്ഞയെത്തുടർന്ന് ആലങ്ങാട്ടേക്ക് പോയ സുറിയാനികൾ തങ്ങളുടെ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്ത ആർച്ച് ഡീക്കനാണ് തോമസ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യൻ ശക്തിയാണ് പോർച്ചുഗീസുകാർ. 1510 മുതൽ 1961 വരെ ഗോവയിലെ പോർച്ചുഗീസ് ആധിപത്യം നീണ്ടുനിന്നു. ഗോവയിലെ പോർച്ചുഗീസ് മേധാവിത്വം അവസാനിപ്പിച്ച നടപടിയാണ് ഓപ്പറേഷൻ വിജയ് (1961). അതിനെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ച അന്നത്തെ പ്രതിരോധമന്ത്രിയാണ് വി.കെ. കൃഷ്ണമേനോൻ. ഗോവയുടെ മോചനത്തിനു ശേഷം (1961) ഗോവയുടെ പ്രഥമ ലഫ്റ്റനന്റ് ജനറലായത് നടപടിക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥനും മലയാളിയുമായ കെ.പി.കണ്ടേത്ത് ആണ് വിധിച്ചത്.

ലന്തക്കാർ

കേരളവുമായുള്ള വ്യാപാരത്തിലൂടെ പോർച്ചുഗീസുകാർക്ക് കൈവന്ന നേട്ടം മറ്റു യൂറോപ്യൻ രാജ്യങ്ങളെയും കേരളവുമായി നേരിട്ട് വാണിജ്യ ബന്ധം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ഡച്ചുകാരാണ് ഇതിൽ ആദ്യം വിജയിച്ചത്.

ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ വിവരങ്ങളും ഡച്ചുകാർക്ക് ലഭിച്ചത് ഡച്ച് സഞ്ചാരി ലിൻഷോട്ടനിൽ  നിന്നാണ്.

കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത് ഡച്ചുകാരാണ്

ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി  എന്ന പേരിൽ ഒരു വ്യാപാര സ്ഥാപനം പതിനാറാം നൂറ്റാണ്ടിന്റെ  അവസാന ദശകത്തിൽ നിലവിൽ വന്നു. ഇന്ത്യയുമായി നേരിട്ട് വ്യാപാരമേർപ്പെടുത്തി. അങ്ങനെ ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ച യൂറോപ്പിലെ ആദ്യ പ്രൊട്ടസ്റ്റന്റ് രാഷ്ട്രം എന്ന വിശേഷണം ഡച്ചുകാർക്ക് (ഹോളണ്ട്/ നെതർലൻഡ്സ്) സ്വന്തമായി.

ഇവരെ അനുകരിച്ച് ഒട്ടേറെ വ്യാപാര സംഘങ്ങൾ മുന്നോട്ടുവന്നതിനാൽ, അവർ തമ്മിൽ മത്സരമുണ്ടാകാതിരിക്കാൻ ഡച്ച് ഗവൺമെന്റ് ഈ സംഘങ്ങളെല്ലാം ഒരുമിപ്പിച്ചു.1602 മാർച്ച് 20-ന് യുണൈറ്റഡ് ഈസ്റ്റിന്ത്യാകമ്പനി എന്ന പേരിൽ ഒരു സംഘടന രൂപവത്കരിച്ചു. എ.ഡി.1604-ൽ കമ്പനിയുടെ ആദ്യത്തെ കപ്പൽ സമൂഹം കൊച്ചിയിലെത്തി.

പോർച്ചുഗീസുകാർക്ക് കേരളത്തിലുണ്ടായിരുന്ന ആധിപത്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ, 1604 ൽ ഡച്ചുകാർ സാമുതിരിയുമായി സന്ധി ചെയ്തു. ഇന്ത്യയിലെ ഏതെങ്കിലുമൊരു രാജാവുമായി ഡച്ചുകാർ ഒപ്പുവെച്ച ആദ്യ ഉടമ്പടിയാണിത്.

1658-ൽ ഡച്ചുകാർ ശ്രീലങ്കയിലെ പോർച്ചുഗീസ് കോളനികൾ പിടിച്ചെടുത്തു. അതേ വർഷം തന്നെ പോർച്ചുഗീസുകാരുടെ അധിനതയിൽ കൊല്ലത്തെ തങ്കശ്ശേരിക്കോട്ടയും അവർ പിടിച്ചെടുത്തു. പോർച്ചുഗീസുകാരിൽ നിന്ന് ഡച്ചുകാർ പിടിച്ചെടുത്ത കേരളത്തിലെ ആദ്യത്തെ കോട്ടയാണിത്.

കേരളത്തിൽ നാടുവാഴികളുടെ ആഭ്യന്തര ഭരണ കാര്യങ്ങളിൽ നേരിട്ടിടപെട്ട ആദ്യ യൂറോപ്യൻ ശക്തിയാണ് ഡച്ചുകാർ.

1659-ൽ കൊല്ലം റാണിയുമായുണ്ടാക്കിയ കരാർ പ്രകാരം കൊല്ലത്ത് ഡച്ചുകാർക്ക് നിർണായക സ്വാധീനം കൈവന്നു. എന്നാൽ, പോർച്ചുഗീസുകാരുടെ തിരിച്ചടിയിൽ ഡച്ചുകാർക്ക് കച്ചവടക്കുത്തക നഷ്ട് മായി. 1661-ൽ കൊല്ലം വീണ്ടും പിടിച്ചെടുത്ത് ഡച്ചുകാർ തങ്ങൾക്ക് നഷ്ടപ്പെട്ടിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിച്ചു. 1663-ൽ ഡച്ച് മുന്നേറ്റത്തിനു മുന്നിൽ പോർച്ചുഗീസ് കൊച്ചിയുടെ പതനത്തോടെ, കേരളത്തിൽ പോർച്ചുഗീസ് ആധിപത്യം അവസാനിച്ചു.

ഡച്ചുകാർ 1663-ൽ കൊച്ചിക്കോട്ട കീഴടക്കിയപ്പോൾ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കൊച്ചി രാജാവാണ് ഗോദവർമ.

പല ചെറുകിട രാജാക്കൻമാരേയും വരുതിയിലാക്കിയ ഡച്ചുകാർ കണ്ണൂർക്കോട്ടയും പിടിച്ചെടുക്കുകയും കോലത്തിരിയുമായുണ്ടാക്കിയ സന്ധിപ്രകാരം കണ്ണൂരിലെ കുരുമുളകു കച്ചവടത്തിന്റെ കുത്തക സ്വന്തമാക്കുകയും ചെയ്തു. 1679 മുതൽ 1728 വരെയുള്ള കാലം ഡച്ചുകാർ കേരള രാഷ്ട്രീയത്തിന്റെ പരമാധികാരികളായി ഭരണരംഗത്ത് ആധിപത്യം ചെലുത്തി.

പല നാടുവാഴികളുടെയും മേൽക്കോയ്മ അവർക്ക് സിദ്ധിച്ചു. ഡച്ചുകാരുടെ വ്യാപാര ക്കുത്തക തകർക്കുക എന്നത് ലക്ഷ്യമിട്ട് ഇംഗ്ലീഷുകാർ അഞ്ചുതെങ്ങിലും തലശ്ശേരിയിലും കോട്ടകൾ നിർമിച്ചു. 1710-ൽ സാമൂതിരിയുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ചേറ്റുവയും പാപ്പിനിവട്ടവും ഡച്ചുകാർക്ക് കിട്ടി. കൊച്ചിയെയും കോഴിക്കോടിനെയും തങ്ങളുടെ ആധിപത്യത്തിൻ കീഴിലാക്കിയ ഡച്ചുകാർക്ക് കേരളം മുഴുവൻ തങ്ങളുടെ കീഴിൽ കൊണ്ടുവരണമെന്ന മോഹമുണ്ടായി. കായംകുളം, കരപ്പുറം, പുറക്കാട്, കൊല്ലം എന്നിവിടങ്ങളിൽ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാൻ ഡച്ചുകാർ ശ്രമിച്ചു.

കൊച്ചിയുമായി സഖ്യത്തിലേർപ്പെട്ട ആദ്യ ഡച്ചുകാരനാണ് വാൻഹോഫ്.

പാലിയത്തച്ചന്റെ മരണത്തെത്തുടർന്ന് ഡച്ചുകാർ കൊച്ചി രാജ്യത്ത് പ്രധാന മന്ത്രിയായി നിയമിച്ച ഡച്ച് ഉദ്യോഗസ്ഥനാണ് ഹെന്റിക് റിൻസ്.

ഡച്ചുകാർ 1663-ൽ നിലവിലുണ്ടായിരുന്ന രാജാവിനെമാറ്റി പകരം കൊച്ചി സിംഹാസനത്തിൽ പ്രതിഷ്ഠിച്ച രാജാവാണ് വീര കേരളവർമ.

1741-ലെ കുളച്ചൽ യുദ്ധത്തിൽ തിരു വിതാംകൂർ ഡച്ചുകാരെ തറപറ്റിച്ചത് അവരുടെ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. മാർത്താണ്ഡവർമയുടെ ജൈത്രയാത്രയിൽ ഡച്ചുകാരുടെ പ്രാദേശികാധിപത്യങ്ങൾ തകർന്നു വീണു. 1743- ലും 1753-ലും മാർത്താണ്ഡവർമയുമായി ഉണ്ടാക്കിയ സന്ധികൾ ഡച്ചുകാർക്ക് പ്രതികൂലമായിരുന്നു.

ഡച്ചുകാർ തിരുവിതാംകൂറുമായി മാവേലിക്കര ഉടമ്പടിയിൽ ഒപ്പുവെച്ചത് 1753 ഓഗസ്റ്റ് 15-നാണ്. കേരള തീരത്ത് ഡച്ചുകാരുടെ രാഷ്ട്രീയ, വാണിജ്യ മേധാവിത്വത്തിന് തിരശ്ശീല വീഴ്ചയ്ക്ക് തുടക്കം കുറിച്ചത് ഈ ഉടമ്പടിയാണ്.

പല തവണ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഉടമസ്ഥാവകാശം മാറിമറിഞ്ഞ ചേറ്റുവ 1755-ൽ സാമൂതിരി പിടിച്ചടക്കി. ഈ യുദ്ധത്തിൽ ഡച്ചുകാർ പരാജയപ്പെട്ടു. കൊച്ചിയുടെ മിക്കവാറും ഭാഗങ്ങളും സാമൂതിരിയുടെ അധീനതയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT